പ്രാർത്ഥനയുടെ ശക്തി

കൊട്ടാരക്കര മേഖലയിലെ പി വൈ പി എ പ്രവർത്തകർക്ക് ആത്മീയ ആവേശവും പുതുമയുള്ള അനുഭവവും പകർന്ന രണ്ട് അനുഗ്രഹീത ദിവസങ്ങളായിരുന്നു കഴിഞ്ഞത്. മേഖല പി വൈ പി എയുടെ ആഭിമുഖ്യത്തിൽ മേയ് 1, 2 തീയതികളിൽ നടന്ന “ധ്വനി 2026” കൺവൻഷൻ, ജനപങ്കാളിത്തം കൊണ്ടും, മാറ്റമില്ലാത്ത സുവിശേഷത്തിന്റെ ശക്തമായ പ്രഖ്യാപനം കൊണ്ടും, പരിശുദ്ധാത്മ നിറവിലുള്ള സംഗീത ശുശ്രൂഷകൾ കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

എന്നാൽ ഈ രണ്ട് ദിവസങ്ങളുടെ വിജയത്തിനു പിന്നിൽ അനേകരുടെ കഠിനാധ്വാനവും ദിവസങ്ങളായുള്ള പരിശ്രമവും ഉണ്ടായിരുന്നു. അതിലുപരി, പ്രാർത്ഥനയുടെ ശക്തി എന്തെന്നത് ഞങ്ങൾ വ്യക്തമായി അനുഭവിച്ച് അറിഞ്ഞു.

കൺവൻഷന് മുൻപുള്ള ദിവസങ്ങളിൽ പെയ്ത മഴ ഞങ്ങളെ കുറച്ച് ആശങ്കപ്പെടുത്തുകയുണ്ടായി. എങ്കിലും വിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. അതിനിടെ, അപ്രതീക്ഷിതമായി കൺവൻഷൻ വേദി മാറ്റേണ്ട സാഹചര്യം വന്നു. എന്നാൽ ദൈവത്തിന്റെ കരുതൽ കൊണ്ട് വളരെ വേഗത്തിൽ പുതിയ സ്ഥലം ക്രമീകരിക്കാനായി.

കൺവൻഷന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതോടൊപ്പം പ്രാർത്ഥിക്കുവാനും സമയം ഞങ്ങൾ കണ്ടെത്തിയിരുന്നു. കൺവൻഷന് മുൻപുള്ള ഞായറാഴ്ച പ്രാർത്ഥനയോഗം നടത്തി. കൺവൻഷന് തലേ ദിവസം രാത്രി ഗ്രൗണ്ടിൽ എല്ലാവരും ഒന്നിച്ച് കൂടി എക്സിക്യൂട്ടീവ്സും പി വൈ പി എ പ്രവർത്തകരും കരം കോർത്ത് ശക്തമായി പ്രാർത്ഥിച്ചു. കൺവൻഷൻ ദിവസങ്ങളിലും പന്തലിനുള്ളിൽ ഒരുമിച്ച് കരം കോർത്ത് നിന്നുകൊണ്ട് പ്രാർത്ഥന തുടർന്നു.

ആദ്യ ദിനത്തിൽ സമീപ പ്രദേശങ്ങളിൽ മഴ പെയ്തിരുന്നെങ്കിലും, നമ്മുടെ ഗ്രൗണ്ടിൽ ഒരു തുള്ളി മഴപോലും വീണില്ല. അതിനിടയിലും അനേകം ആളുകൾ എത്തിച്ചേർന്നു. രണ്ടാം ദിനം കൺവൻഷൻ ആരംഭിക്കുവാൻ സമയം ആയപ്പോൾ ആകാശം മുഴുവൻ ഇരുണ്ടു. മഴ ചാറിത്തുടങ്ങി. അപ്പോഴും ഞങ്ങൾ എല്ലാവരും പ്രാർത്ഥന തുടർന്നു കൊണ്ടേയിരുന്നു. ദൈവം വീണ്ടും തന്റെ അത്ഭുതകരം നീട്ടി – മഴ മാറി, അന്തരീക്ഷം തെളിഞ്ഞു, ജനം വീണ്ടും ഒഴുകിയെത്തി. “അവന്മാർ പ്രാർത്ഥിച്ച് മഴ മാറ്റി” എന്നുള്ള അവിശ്വാസികളായ ചില സഹോദരന്മാരുടെയും സാക്ഷ്യം ഇതിനിടയിൽ കേൾക്കുവാൻ കഴിഞ്ഞു. രണ്ടാം ദിവസവും അത്ഭുതകരമായ അനുഭവമായി മാറി.

പ്രാർത്ഥന വെറും വാക്കുകളല്ല, അത് ശക്തിയാണ് എന്ന് ഒരിക്കൽ കൂടി മനസ്സിലാക്കുന്നു.

വിശ്വാസത്തോടെയുള്ള പ്രാർത്ഥന അസാധ്യമായ കാര്യങ്ങൾ പോലും സാധ്യമാക്കുന്നു.

പ്രാർത്ഥന കേട്ട ദൈവത്തിന് നന്ദി… സകല മാനവും മഹത്വവും ദൈവത്തിന് അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *