മെഗാ ബൈബിൾ ക്വിസുമായി കേരളാ സ്റ്റേറ്റ് പി വൈ പി എ
Jul 16, 2024 - Top Picks
ക്രിസ്തീയ ജീവിതത്തിലെ അതി പ്രധാനമായ ഒന്നാണ് പ്രാർത്ഥനാജീവിതം. ഒരു ദൈവപൈതലിന് ഈ ലോകത്തിൽ ജീവിക്കുവാൻ ആവശ്യമായ ശക്തി തരുന്ന ഒന്നാണ് പ്രാർത്ഥന. പ്രാർത്ഥനാനുഭവം ആണ് പല ദൈവഭക്തന്മാരുടെയും ജീവിതം സന്തോഷമാക്കി തീർത്തത്. ആദ്യകാല പിതാക്കന്മാരുടെ ചരിത്രം നാം പഠിച്ചുനോക്കിയാൽ പ്രതികൂല കാറ്റുകൾ ആഞ്ഞടിച്ചപ്പോഴും, കഷ്ടതയിൽ കൂടി കടന്നുപോകുമ്പോഴും പ്രാർത്ഥനക്ക് വേണ്ടി സമയങ്ങൾ വേർതിരിച്ച് അതിലൂടെയുള്ള ആത്മീകസന്തോഷം അവർ പ്രാപിച്ചു.
ആത്മീയജീവിതയാത്രയിൽ നമുക്ക് എപ്പോഴും പ്രാർത്ഥന ഉണ്ടായിരിക്കണം. പലരിൽ നിന്നും നാം കേൾക്കുന്ന ഒന്നാണ് പ്രാർത്ഥിക്കണമെന്നു ആഗ്രഹമുണ്ട് പക്ഷെ അതിന് സാധിക്കുന്നില്ല, സമയമില്ല. നാം എത്രസമയം വെറുതെ പാഴാക്കിക്കളയുന്നു? മറ്റുപലതിനും വേണ്ടി പാഴാക്കുന്നു. പ്രാർത്ഥിക്കാൻ സമയമില്ല. ഏതു സമയത്തും ഏതു നേരത്തും നാം പ്രാർത്ഥിക്കുവാൻ തയ്യാറാവണം. അതിനുള്ള ഉത്സാഹം നമ്മിൽ ഉണ്ടാവണം. ആ ചിലവഴിക്കുന്ന സമയങ്ങൾ ഒരിക്കലും വൃഥാവാകുകയില്ല, അത് അനുഗ്രഹത്തിന് കാരണമായിത്തീരും.
യേശുകർത്താവ് കൂടുതൽ സമയം പ്രാർത്ഥനക്കുവേണ്ടി ആണ് സമയങ്ങൾ വേർതിരിച്ചതു. എങ്ങനെ പ്രസംഗിക്കണമെന്നോ അല്ലെങ്കിൽ അത് മാത്രമോ ആയിരുന്നില്ല ലക്ഷ്യം മറിച്ചു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചു. യേശു തന്റെ ജീവിതത്തിലൂടെ പ്രാർത്ഥന ആണ് വലുത് എന്നു കാണിച്ചു. പ്രാർത്ഥനയുടെ നാലു കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1. വിശ്വാസത്തോടെ പ്രാർത്ഥിക്കണം (മത്തായി 21:22)
നമ്മുടെ പ്രാർത്ഥനയുടെ അനുഭവത്തിൽ നാം വിശ്വാസത്തോടുകൂടെ പ്രാർത്ഥിക്കണം. ഇവിടെ പറയുന്നത് വിശ്വാസത്തോടെ എന്ത് യാചിച്ചാലും അത് ലഭിക്കുമെന്നാണ്. നാം വെറുതെ പ്രാർത്ഥിക്കുകയല്ല ചെയ്യേണ്ടത് മറിച്ചു വിശ്വാസത്തോടെ, ദൈവത്തിലുള്ള വിശ്വാസം മുറുകെ പിടിച്ചുകൊണ്ടു പ്രാർത്ഥിക്കണം. ഈ വിശ്വാസം നിങ്ങളിലൂടെ അത്ഭുതം സൃഷ്ടിക്കും. നാം ഏതു വിഷയമാണോ വച്ചു പ്രാർത്ഥിക്കുന്നതു അത് നമ്മുക്ക് ലഭിച്ചു എന്നു തന്നെ ഉറച്ചു പ്രാർത്ഥിക്കണം. നമ്മുടെ പ്രാർത്ഥനകൾ വിശ്വാസത്തോടെ ആയിരിക്കട്ടെ.
2. ദൈവഹിതപ്രകാരം നാം പ്രാർത്ഥിക്കുക (1 യോഹന്നാൻ 5:14-15)
നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന്റെ ഇഷ്ടപ്രകാരം ആയിരിക്കട്ടെ. ദൈവത്തിന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ പലപ്പോഴും ലോകപ്രകാരമുള്ള ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി മാത്രമായി പോകുന്നുണ്ട്. ആത്മീയ കാര്യത്തിനുവേണ്ടിയോ അല്ലെങ്കിൽ ആവശ്യത്തിൽ ഇരിക്കുന്നവർക്ക് വേണ്ടിയോ നാം പ്രാർത്ഥിക്കാറില്ല. നമ്മുടെ ഉയർച്ചയും കുടുംബവും അതാണ് ഇന്നത്തെ മിക്ക പ്രാർത്ഥനയുടെയും പ്രധാന അടിസ്ഥാനം. ഇത് മാത്രമാകരുത്. ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ പ്രാർത്ഥിക്കുക. നാം പ്രാർത്ഥിക്കുമ്പോൾ തന്നെ നമ്മുക്ക് അറിയാൻ സാധിക്കും ഞാൻ ദൈവഹിതപ്രകാരമുള്ള കാര്യങ്ങൾ ആണോ ഉരുവിടുന്നതെന്നു. അതെ ദൈവത്തിന് ഇഷ്ടം അറിഞ്ഞുള്ള പ്രാർത്ഥന ആവട്ടെ. ആ പ്രാർത്ഥനക്കു ഉത്തരം തരും അതിൽ എല്ലാം ഉൾപ്പെട്ടിരിക്കുന്നു.
3.അത്ഭുതങ്ങൾ പ്രാർത്ഥനയിലൂടെ (എഫെസ്യർ 3:20)
നാം വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾ, ദൈവഹിതപ്രകാരം യാചിക്കുമ്പോൾ നാം ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തി. അതെ നമ്മുക്ക് വേണ്ടിയുള്ള ദൈവീക വിടുതലുകൾ അതിവലുതാണു. അത് ദൈവം നമ്മുക്ക് വേണ്ടി ഒരുക്കിവച്ചിരിക്കുന്നു. പ്രാർത്ഥനയിലൂടെ മാത്രമേ ദൈവം നമ്മിലൂടെ അത്ഭുതമായി പ്രവർത്തിക്കുകയുള്ളു. നാം എന്ത് ചോദിച്ചുവോ ആഗ്രഹിച്ചുവോ അതിനേക്കാൾ ഉപരിയായി സർവശക്തനായ ദൈവം നമ്മിൽ പ്രവർത്തിക്കും. പ്രാർത്ഥനയിലൂടെ നേടുന്ന മറുപടികൾ നിലനിൽക്കുന്നതും അത്ഭുതവുമായിരിക്കും.
4. എല്ലാറ്റിനും പ്രാർത്ഥന ഉണ്ടായിരിക്കണം. (ഫിലിപ്പിയർ 4:6-7)
ഇവിടെ പറയുന്നത് ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് എല്ലാറ്റിനും പ്രാർത്ഥിക്കുക എന്നതാണ്. നമ്മുടെ ഈ ലോകജീവിതത്തിൽ അനേകം ആകുല ചിന്തകളും, ആശങ്കകളും, വേവലാതികളും വന്നുപെടാറുണ്ട് നാം അതിനെ കുറിച്ചു ഭയപ്പെടുകയും ചെയ്യുന്നു. എന്നാൽ ദൈവവചനം നമ്മുക്ക് തരുന്ന ആശ്വാസം എന്നു പറയുന്നത് ഒന്നിനെക്കുറിച്ചും വിചാരപ്പെടേണ്ട ആവശ്യമില്ല പ്രാർത്ഥിക്കുക, മുന്നോട്ടുപോകുക.
പ്രാർത്ഥനാജീവിതം നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനമായും വേണ്ടുന്ന ഒന്നാണ്. പ്രാർത്ഥനയിലൂടെ അല്ലാതെ വിടുതൽ ഇല്ല. നാം ഏതു പ്രയാസത്തിലൂടെ, പ്രതിസന്ധികളിലൂടെ പോയാലും അതിൽ പ്രാർത്ഥനയോടെ പ്രതികരിക്കാമെങ്കിൽ ദൈവീക അത്ഭുതം കാണാൻ കഴിയും.
പ്രിയ സ്നേഹിതാ,പ്രാർത്ഥന ഒരു ദൈവപൈതലിനെ നിലനിർത്തുന്നതാണ്. പ്രാർത്ഥനയില്ലാത്ത ക്രിസ്തീയ ജീവിതം ശൂന്യമാണ്. പ്രാർത്ഥന എന്ന ഫലം നമ്മിൽ ഉണ്ടെങ്കിൽ മാത്രമേ പ്രയോജനമുള്ള ആത്മീയ ജീവിതം നയിക്കാൻ കഴിയു. ഈ ജീവിതയാത്രയിൽ പ്രാർത്ഥന സ്വഭാവം ഉള്ളവരായി ജീവിക്കാം പ്രാർത്ഥന അത്ഭുതങ്ങളെ സൃഷ്‌ടിക്കും.
Copyright © 2024 Yuvashabdam . All Right Reserved.