കുമ്പനാട്: കേരളാ സംസ്ഥാന പി. വൈ. പി. എ. താലന്ത് പരിശോധന മികവ് 2023 ൽ കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ചാമ്പ്യന്മാർ. 282 പോയിന്റുകളോടെയാണ് കൊട്ടാരക്കര മേഖല വിജയികളായത്. വേങ്ങൂർ സെന്റർ പി. വൈ. പി. എ. അംഗം ഇവാഞ്ചലിൻ ജോൺസൺ വ്യക്തിഗത ചാമ്പ്യനായി. എറണാകുളം സെന്റർ (159) ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ സെന്ററായി. കൊട്ടാരക്കര മേഖലയിൽ നിന്നുള്ള സെന്ററുകളിൽ, 71 പോയിന്റുകളോടെ വേങ്ങൂർ സെന്റർ ഒന്നാം സ്ഥാനത്തെത്തി. കൊട്ടാരക്കര (50), പത്തനാപുരം (44), കുണ്ടറ (42), അടൂർ വെസ്റ്റ് (23) സെന്ററുകൾ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി.
ഐ. പി. സി. കേരളാ സ്റ്റേറ്റ് ട്രഷറർ ബ്രദർ പി. എം. ഫിലിപ്പ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത താലന്ത് പരിശോധനയിൽ പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. 14 മേഖലകളിൽ നിന്നായി അഞ്ഞൂറിലധികം മത്സരാർഥികൾ മാറ്റുരച്ചു. ഒന്നിനോടൊന്നു കിടപിടിക്കുന്ന പ്രകടനങ്ങൾക്കാണ് ഹെബ്രോൻപുരം സാക്ഷ്യം വഹിച്ചത്. 215 പോയിന്റുകൾ നേടി പത്തനംതിട്ട മേഖല രണ്ടാം സ്ഥാനത്തിനും, 208 പോയിന്റുകൾ നേടി എറണാകുളം സോൺ മൂന്നാം സ്ഥാനത്തിനും അർഹത നേടി.
സംസ്ഥാന താലന്ത് കൺവീനറായി ജെറിൻ ജെയിംസ് വേങ്ങൂർ, ജോയിന്റ് താലന്ത് കൺവീനറായി പാസ്റ്റർ ഫിലിപ്സൺ മാത്യു എന്നിവർ പ്രവർത്തിച്ചു.